---
title: "കോഴിക്കോട് നരിക്കുനിയിൽ വീട്ടിൽ കയറി യുവതിയെയും, ഭര്‍തൃമാതാവിനെയും ആക്രമിച്ചു ; അച്ഛനും മകനും റിമാൻഡിൽ"
english_title: "A young woman and her mother-in-law were attacked after entering a house in Narikkuni, Kozhikode; Father and son in remand"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351587/A young woman and her mother-in-law were attacked after entering a house in Narikkuni, Kozhikode; Father and son in remand"
published_at: "2026-04-04T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d11827a5565_1001178301.jpg"
keywords: []
---

# കോഴിക്കോട് നരിക്കുനിയിൽ വീട്ടിൽ കയറി യുവതിയെയും, ഭര്‍തൃമാതാവിനെയും ആക്രമിച്ചു ; അച്ഛനും മകനും റിമാൻഡിൽ

> **Lead Summary:** വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തില്‍ രണ്ട് പേരെ കോടതി റിമാന്റ് ചെയ്തു. കോഴിക്കോട് കുന്ദമംഗലത്ത് താമസിക്കുന്ന കൂത്താളി വീട്ടില്‍ പോക്കര്‍, മകന്‍ അബ്ദുസ്സമദ് എന്നിവരെയാണ് ചേവായൂര്‍ പോലീസ് പിടികൂടിയത്.

## Article Content

വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തില്‍ രണ്ട് പേരെ കോടതി റിമാന്റ് ചെയ്തു. കോഴിക്കോട് കുന്ദമംഗലത്ത് താമസിക്കുന്ന കൂത്താളി വീട്ടില്‍ പോക്കര്‍, മകന്‍ അബ്ദുസ്സമദ് എന്നിവരെയാണ് ചേവായൂര്‍ പോലീസ് പിടികൂടിയത്.

നരിക്കുനി പുല്ലാളൂരില്‍ വീട്ടില്‍കയറി യുവതിയെയും കുടുംബത്തെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് നടപടി. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി. തന്നോട് മുന്‍വൈരാഗ്യമുള്ള ഇവര്‍ കഴിഞ്ഞ മാര്‍ച്ച് 3ന് രാത്രി വീട്ടില്‍ മാരകായുധങ്ങളുമായി എത്തുകയും തന്നെയും ഭര്‍തൃമാതാവിനെയും മര്‍ദ്ദിക്കുകയും മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് വീടിന്റെ മുന്‍വശത്തെ വാതില്‍ കമ്പിവടി ഉപയോഗിച്ച് അടിച്ചു തകര്‍ക്കുകയും ചെയ്തു. കേസെടുത്ത ചേവായൂര്‍ പോലീസ് ഇരുവരെയും പുല്ലാളൂര്‍ പരിസരത്ത് വെച്ചാണ് കസ്റ്റഡിയില്‍ എടുത്തത്. സബ് ഇന്‍സ്‌പെക്ടര്‍ ബിജു, സിവില്‍ പോലീസ് ഓഫീസര്‍ ഫസല്‍, ഹോം ഗാര്‍ഡ് ജയരാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351587/A young woman and her mother-in-law were attacked after entering a house in Narikkuni, Kozhikode; Father and son in remand)